പേജുകള്‍‌

2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

ഒരു പാവം ഒന്നു തൂറിപ്പോയതിന്റെ പുലിവാല്‍ !!

24 മണിക്കൂര്‍, മുള്‍മുനയില്‍നിന്ന് അടിമപ്പണി ചെയ്യുന്നവരിലാരോ ഗത്യന്തരമില്ലാതെ വരേണ്യര്‍ക്കുവേണ്ടി സ്ഥാപിച്ച പുത്തന്‍ ക്ലോസറ്റിലൊന്ന് അപ്പിയിട്ടതാണ് ഇപ്പോഴത്തെ അന്തര്‍ദേശീയ പ്രതിസന്ധി! ഈ 'ഹൈജീന്‍' പ്രശ്‌നമുന്നയിച്ചവരോ, അതില്‍ ദേശീയ നാണക്കേട് കണ്ട മാധ്യമ വിശാരദരോ കമാന്ന് മിണ്ടുന്നില്ല, ഗെയിംസിന്റെ പണിക്കിടയില്‍ പലപ്പോഴായി അപകടമരണം വരിച്ച 50 തൊഴിലാളികളുടെ കാര്യം. മനുഷ്യന്റെ സ്വഭാവ രൂപവത്കരണത്തില്‍ സ്‌പോര്‍ട്‌സിനുള്ള മഹത്തായ പങ്കില്‍ ഉപന്യസിച്ച് നടക്കുന്നവര്‍ക്കും ഇതൊരു വിഷയമേയല്ല. ദേശാഭിമാനം വിജൃംഭിപ്പിക്കാന്‍ ദരിദ്രവാസികളുടെ രക്തസാക്ഷിത്തവും അനിവാര്യ ഘടകമായിരിക്കും.
കശ്മീരും വെള്ളപ്പൊക്കവും വിലക്കയറ്റവും പട്ടിണിയുമൊക്കെ ഒറ്റയടിക്ക് മുക്കി, ഒരൊറ്റ ഉത്കണ്ഠയിലേക്ക് ഇന്ത്യക്കാരെ ഒതുക്കിയിരിക്കുന്നു- 'ഗെയിംസ് നടക്കുമോ?' നടന്നാലും ഇല്ലെങ്കിലും നഷ്ടം മാത്രം നീക്കിയിരുപ്പാവുന്ന, ബഹുഭൂരിപക്ഷം ജനങ്ങളെയും ഇങ്ങനെ വിഡ്ഢിവേഷം കെട്ടിക്കുന്ന തുടര്‍ക്കഥക്ക് അടിവരയിടാന്‍ പ്രധാനമന്ത്രിയും. ഗെയിംസ് നടത്താന്‍ ഒരു അന്താരാഷ്ട്ര ഫെഡറേഷനുണ്ട്. അതിന്റെ ഇന്ത്യന്‍ഘടകമുണ്ട്. പോരാത്തതിന് കഴിഞ്ഞ നാലു കൊല്ലമായി ദില്ലി ഭരണകൂടത്തിന്റെ സര്‍വസന്നാഹങ്ങളുമുണ്ട്. പണക്കിഴിയും പവറും യഥേഷ്ടമുണ്ട്. എന്നിട്ടും പതിനൊന്നാം മണിക്കൂറില്‍ സാക്ഷാല്‍പ്രധാനമന്ത്രി നേരിട്ടെടുത്തിരിക്കുന്നു, ചുക്കാന്‍. എന്തുകൊണ്ട്?
ബ്രിട്ടീഷ്‌രാജ്ഞിയുടെ പഴയ കോളനി രാജ്യങ്ങളെല്ലാം ചേര്‍ന്ന് നാലാണ്ട് കൂടുമ്പോള്‍ ഘോഷിക്കുന്ന കോമണ്‍വെല്‍ത്ത് പൂരം അഭിശപ്തമായ ഒരു അടിമത്തത്തിന്റെ നാണംകെട്ട വീണ്ടെടുപ്പല്ലേ എന്നു ചോദിച്ചാല്‍ നിങ്ങള്‍ പിന്തിരിപ്പനാകും. 55 ശതമാനം ജനങ്ങള്‍ ദരിദ്രവാസികളായിരിക്കുന്ന ഒരു ജനായത്തരാഷ്ട്രം സൂപ്പര്‍പവര്‍ പൊങ്ങച്ചത്തിനു വേണ്ടി 30,000 കോടി രൂപ തുലക്കുന്നു എന്നുപറഞ്ഞാല്‍ നിങ്ങള്‍ വികസനവിരുദ്ധനാകും. ഗെയിംസ് ആന്‍തം എന്ന പളുങ്കു ലേബലൊട്ടിച്ച് എ.ആര്‍. റഹ്മാനിറക്കിയ ഉഡായ്പിന് 'വാഹ്, വാഹ്' വിളിക്കാത്തപക്ഷം നിങ്ങള്‍ ദേശവിരുദ്ധനാകും. ആ പരുവത്തിലാണ് ഈ കാലത്തിന്റെ രാഷ്ട്രീയശരി.


കടപ്പാട്: ഒരു ഇ മെയില്‍
 


 

അഭിപ്രായങ്ങളൊന്നുമില്ല: